തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ സമരം കനഗോലുവിന്‍റെ നിർദേശപ്രകാരമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ചൊവ്വാഴ്ചത്തെ സമരം സ്പീക്കറെ ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് അഞ്ച് മിനിറ്റ് ഇടവിട്ട് നിർദേശം നൽകുകയായിരുന്നു. കനഗോലുവിന്‍റെ നിർദേശപ്രകാരമായിരുന്നു ഇതെല്ലാമെന്നും മന്ത്രി ആരോപിച്ചു. കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് സുനിൽ കനഗോലു.
പ്രതിപക്ഷനേതാവിന് എന്ത് സംഭവിച്ചുവെന്നറിയില്ല. കഴിഞ്ഞദിവസം തനിക്കെതിരെ തരംതാഴ്ന്ന വാക്കുകൾ ഉപയോഗിച്ചുവെന്നും പിറ്റേന്ന് സഭയിൽ വന്ന് അദ്ദേഹം കള്ളം പറഞ്ഞുവെന്നും ശിവൻകുട്ടി പറഞ്ഞു.
എല്ലാവരോടും പുച്ഛം മാത്രമാണ് പ്രതിപക്ഷനേതാവിന്. തോന്നിവാസങ്ങളെ ന്യായീകരിക്കുന്ന വ്യക്തിത്വത്തിന് ഉടമയായി അദ്ദേഹം മാറി. സതീശൻ മുഖ്യമന്ത്രിയാകാൻ പഠിക്കുകയാണ്. എന്നാൽ മൂന്നാമതും ഇടതുസർക്കാർ അധികാരത്തിൽ വരും. വിരട്ടൽ വേണ്ടെന്നും തങ്ങൾ കാര്യങ്ങൾ പറഞ്ഞുതുടങ്ങിയാൽ പലർക്കും മുണ്ട് തലയിലിട്ട് പോകേണ്ടിവരുമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.